ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കില്ല; ഓൺലൈൻ ക്ലാസുകൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല. കൊറോണ രൂക്ഷമായതിനാൽ ഓൺലൈൻ ക്ലാസുകളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഓൺലൈൻ ക്ലാസുകൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ എന്നിവയുടെ തിയതിയിൽ സർക്കാർ പിന്നീട് തീരുമാനം പറയും. നിലവിലത്തെ സ്ഥിതിയിൽ ട്യൂഷൻ സെന്ററുകൾ പോലും പ്രവർത്തിക്കരുതെന്ന കർശന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. വിക്ടേഴ്‌സ് ചാനലും സാമൂഹിക മാദ്ധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടേയും അധ്യാപകരുടേയും അഭിപ്രായം. പുതിയ സർക്കാർ അധികാരമേറ്റ ശേഷമായിരിക്കും ഇതിൽ തീരുമാനമെടുക്കുന്നത്.
അതേസമയം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇവ വിതരണത്തിനായി ജില്ലാതല ഓഫീസുകളിലേക്കും എത്തിയിട്ടുണ്ട്. പരീക്ഷകൾ നടത്താതിൽ ഉൾപ്പെടെയുള്ള അനിശ്ചിതത്വം ഇപ്പോഴും മാറിയിട്ടില്ല. പ്ലസ് വൺ പരീക്ഷയും, പ്ലസ് ടു പ്രാക്ടിക്കലും പൂർത്തിയാക്കാനുണ്ട്. സമാന സ്ഥിതിയാണ് വൊക്കേഷണൽ ഹയർ സെക്കന്ററിയിലും. ഇതിൽ സർക്കാർ തീരുമാനമെടുത്തതിന് ശേഷമായിരിക്കും പ്ലസ്ടു ക്ലാസുകൾ ആരംഭിക്കുന്നത്.