വെള്ള കാർഡ് ഉടമകളുടെ റേഷൻ വിഹിതം വെട്ടിക്കുറച്ചു

തിരുവനന്തപുരം: മെയ് മാസത്തിൽ വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള സാധാരണ റേഷൻ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് വെട്ടിക്കുറച്ചു. കഴിഞ്ഞ മാസം കിലോയ്ക്ക് 10.90 രൂപയ്ക്ക് നാല് കിലോ അരി നൽകിയ സ്ഥാനത്ത് ഇത്തവണ രണ്ട് കിലോ മാത്രമാണ് നൽകുക. നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ നൽകുന്നത് ഈ മാസവും തുടരും. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസവും പത്ത് കിലോ സ്‌പെഷ്യൽ അരി പതിനഞ്ച് രൂപക്ക് നൽകും.
ബ്രൗൺ കാർഡ് ഉടമകൾക്ക് രണ്ട് കിലോ വീതം സ്‌പെഷ്യൽ അരിയും സാധാരണ റേഷനും ലഭിക്കും. സാധാരണ റേഷൻ അരി കിലോക്ക് 10.90 രൂപക്കും സ്‌പെഷ്യൽ അരി കിലോക്ക് പതിനഞ്ച് രൂപക്കുമാണ് ഇവർക്ക് നൽകുക. അതേസമയം ആവശ്യത്തിന് സ്‌പെഷ്യൽ അരി കടകളിൽ സ്റ്റോക്ക് ഇല്ലെന്ന പ്രശ്‌നവുമുണ്ട്. മണ്ണെണ്ണ വിതരണം ഈ മാസവും ഉണ്ടാകില്ല. മെയ് മാസത്തെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കുള്ള സൗജന്യ അരി വിതരണം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഭക്ഷ്യവിതരണ വകുപ്പ് വ്യക്തമാക്കി.