അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള വിലക്ക് നീട്ടി

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി കേന്ദ്ര വ്യോമയാന മന്ത്രാലയം. അടുത്തമാസം 31 വരെ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി അറിയിച്ച് ഡിജിസിഎ ഉത്തരവിറക്കി. കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്.
അതേസമയം ചില നിശ്ചിത റൂട്ടുകളിൽ വിമാനങ്ങൾ സർവ്വീസ് നടത്തും. എയർ ബബ്ബിൾ കരാറിൽ ഏർപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകളാണ് തുടരുക. 27 രാജ്യങ്ങളായാണ് ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. കാർഗോ വിമാനങ്ങൾക്കും നിലവിലെ വിലക്ക് ബാധകമല്ല.
നിലവിൽ രാജ്യത്ത് മൂന്ന് ലക്ഷത്തിൽ കൂടുതൽ പ്രതിദിന കേസുകളാണ് സ്ഥിരീകരിക്കുന്നത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വീണ്ടും ഉയരാൻ സാദ്ധ്യതയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് വിമാന സർവ്വീസുകൾക്കുളള വിലക്ക് നീട്ടാൻ തീരുമാനിച്ചത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് 20നാണ് അന്താരാഷ്ട്ര വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ശേഷം മറ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കുന്നതിനായി വന്ദേഭാരത് വിമാനങ്ങൾ സർവ്വീസ് നടത്തിയിരുന്നു.