അഭ്യൂഹങ്ങളിൽ വീഴരുത്; രാജ്യത്ത് സൗജന്യ വാക്സിനേഷൻ തുടരും: പ്രധാനമന്ത്രി


ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സൗജന്യ വാക്സിനേഷൻ പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്സിന്‍ അയച്ചിട്ടുണ്ടെന്ന് നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണം. അത് ഇനിയും തുടരും. 45 വയസിനു മുകളിലുള്ളവർക്ക് അത് പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് തരംഗം നേരിടാൻ എല്ലാ നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സൗജന്യ വാക്‌സിനേഷന്‍ പദ്ധതിയും പ്രയോജനം കഴിയുന്നത്ര ആളുകളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കിയെന്നും മോദി പറഞ്ഞു. എന്നാൽ ഈ തരംഗത്തിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. വിശ്വസനീയമായ ഉറവിടങ്ങളിലൂടെ മാത്രം കോവിഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടണം. അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

You might also like

Most Viewed