പുല്‍വാമ ഭീകരാക്രമണം മോദിസര്‍ക്കാരിനും തന്റെ ചാനലിനും ഗുണംചെയ്യുമെന്ന് അര്‍ണബിന്റെ വാട്ട്‌സ് ആപ്പ് ചാറ്റ്
മുംബൈ: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പാകിസ്താനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാട്സാപ്പ് ചാറ്റ് രേഖകൾ സൂചിപ്പിക്കുന്നു.
പുൽവാമ ഭീകരാക്രമണം മോദിസർക്കാരിനും തന്റെ ചാനലിനും ഗുണംചെയ്യുമെന്ന് അർണബ് ആഹ്ലാദം പ്രകടിപ്പിക്കുന്നുമുണ്ട്. മോദിസർക്കാർ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്പോഴാണ് പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ നമ്മൾ ജയിച്ചുകഴിഞ്ഞു എന്നാണ് ഭീകരാക്രമണമുണ്ടായ ഉടനെ പാർഥോ ദാസ്ഗുപ്തയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ അർണബ് പറയുന്നത്. ഇത് വലിയ ആൾക്ക് ഗുണം ചെയ്യുമെന്നും തിരഞ്ഞെടുപ്പിൽ അദ്ദേഹം വൻവിജയം നേടുമെന്നും പിന്നീട് പാർഥോ തിരിച്ചുപറയുന്നുമുണ്ട്.
റിപ്പബ്ലിക് ചാനലിന്റെ ടി.ആർ.പി. റേറ്റിങ് കൂടാനും ഭീകരാക്രമണം സഹായിച്ചെന്ന് അർണബ് പറയുന്നുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്താൻ പോകുന്ന കാര്യം മൂന്നുദിവസംമുന്പ് അർണബ് അറിഞ്ഞിരുന്നാണ് വാട്സാപ്പ് ചാറ്റുകൾ സൂചിപ്പിക്കുന്നത്.




