നിതീഷ് കുമാര്‍ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു


പാറ്റ്‌ന : ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായ നാലാം തവണയാണ് ബീഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേൽക്കുന്നത്.

ബിജെപി നേതാക്കളായ തർക്കിഷോർ പ്രസാദ്, രേണു ദേവി എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജെഡിയു നേതാക്കളായ വിജയ് കുമാർ ചൗധരി, വിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി , മേവ ലാൽ ചൗധരി എന്നിവർ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇവർക്ക് പുറമേ ബിജെപി നേതാക്കളായ മംഗൾ പാണ്ഡെ, അമരേന്ദ്ര പ്രതാപ് സിംഗ്, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് സന്തോഷ് കുമാർ സുമൻ, വികാസ് ഷീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി എന്നിവരും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവരും പങ്കെടുത്തു. കൊറോണ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചായിരുന്നു ചടങ്ങുകൾ.
243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ വീണ്ടും അധികാരത്തിലെത്തിയത്. ശനിയാഴ്ച നടന്ന യോഗത്തിൽ നിതീഷിനെ മുഖ്യമന്ത്രിയായി ഏകകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു. ഏഴാം തവണയാണ് നിതീഷ് കുമാർ ബീഹാറിന്റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed