ലഡാക്ക് മേഖലയല്‍ സൈനീക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ ഒരേസമയം പിന്‍വലിക്കാന്‍ ഇന്ത്യ-ചൈന ധാരണയായി. അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള എട്ടാം കോര്‍ കമാന്‍ഡര്‍ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളിലും ഏതാനും ദിവസങ്ങള്‍ക്കകം തീരുമാനമാകും.
സൈനികവും നയതന്ത്രപരവുമായ ചര്‍ച്ച തുടരാനും അതിര്‍ത്തിയില്‍ താഴെത്തട്ടില്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിക്കാനും മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാനടക്കമുള്ള ചര്‍ച്ചകള്‍ തുടരാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ചുഷൂലില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു എട്ടാം വട്ട ചര്‍ച്ച. മലയാളിയായ ലെഫ്റ്റനന്റ് ജനറല്‍ പി.ജി.കെ. മേനോന്‍ ഒക്ടോബര്‍ 13-ന് 14-ാം കോര്‍ കമാന്‍ഡറായി ചുമതലയേറ്റ ശേഷം നയിക്കുന്ന ആദ്യ ചര്‍ച്ചയായിരുന്നു ഇത്. ചര്‍ച്ചയിലുടനീളം കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റത്തില്‍ ഇന്ത്യ ഉറച്ചു നിന്നതോടെയാണ് ചൈന വഴങ്ങിയത്. ഒമ്പതാം വട്ട കോര്‍ കമാന്‍ഡര്‍ ചര്‍ച്ചയും വൈകാതെ നടക്കും. എട്ടാംവട്ട കോര്‍ ചര്‍ച്ചയില്‍ ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും അടക്കം പിന്‍വലിക്കുന്നതിനാണ് നീക്കം. എങ്കിലും താഴെത്തട്ടില്‍ ഇതു കൃത്യമായി നടപ്പാവുന്നതു വരെ ശ്രദ്ധയോടെ നീങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.

