ഫുക്കറ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു: 17 പേർക്ക് പരിക്ക്
ഷീബ വിജയൻ
ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI2379 എയർബസ് A320) ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് കനത്ത ആകാശച്ചുഴിയിൽപ്പെട്ടു. കനത്ത കുലുക്കത്തെ തുടർന്ന് 4 ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു. 137 യാത്രക്കാരുമായി പറന്ന വിമാനം ശക്തമായി കുലുങ്ങിയതോടെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർ വായുവിൽ തെറിച്ച് വിമാനത്തിന്റെ സീലിങ്ങിലും ക്യാബിനുകളിലും ഇടിക്കുകയായിരുന്നു. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ മൂലം വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തു. ഇറങ്ങിയ ഉടൻ തന്നെ പരിക്കേറ്റവരെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

