ആന്ധ്രയിൽ സ്കൂളുകൾ തുറന്നു; കോവിഡ് സ്ഥിരീകരിച്ചത് 575 വിദ്യാർത്ഥികൾക്കും 829 അദ്ധ്യാപകർക്കും
അമരാവതി: കോവിഡ് പ്രതിസന്ധിക്കിടെ സ്‌കൂളുകള്‍ തുറന്ന ആന്ധ്രാപ്രദേശില്‍ 575 വിദ്യാര്‍ത്ഥികള്‍ക്കും 829 അദ്ധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒന്‍പത്, പത്ത് ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ രണ്ട് മുതലാണ് ആന്ധ്രയില്‍ ക്ലാസുകള്‍ ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവുണ്ടായത്. സംഭവം സംസ്ഥാനത്ത് വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഒൻപത്, പത്ത് ക്ലാസുകളിലേക്ക് 9.75 ലക്ഷം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 3.93 ലക്ഷം പേർ ക്ലാസുകളിലെത്തി. 1.11 ലക്ഷം അദ്ധ്യാപകരിൽ 99,000ത്തിലധികം പേർ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയിരുന്നു.
എന്നാൽ ഈ കണക്ക് ആശങ്കാജനകമല്ലെന്നാണ് സ്‌കൂൾ വിദ്യാഭ്യാസ കമ്മീഷണർ വി. ചിന്ന വീരഭദ്രുഡുവിന്‍റെ വാദം. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

