ട്രെയിൻ യാത്രകളിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ മേരി സഹേലി
ചെന്നൈ: ട്രെയിൻ സർവ്വീസുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ സംരംഭവുമായി ഇന്ത്യൻ റെയിൽവേ. മേരി സഹേലി എന്നാണ് സ്ത്രീ സുരക്ഷയ്ക്കായി റെയിൽവേ രൂപീകരിച്ച പുതിയ പദ്ധതിയുടെ പേര്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ സഹകരണത്തോടെയാണ് പദ്ധതി. മേരി സഹേലി പദ്ധതിയുടെ ഭാഗമായി ഇനി യാത്രക്കാരായ സ്ത്രീകൾക്കൊപ്പം ട്രെയിൻ സർവ്വീസിൽ ആർപിഎഫിന്റെ വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരിക്കും. യാത്ര തുടങ്ങുന്ന സ്‌റ്റേഷനിൽ നിന്നും തന്നെ ആർപിഎഫിലെ യുവ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ട്രെയിനുകളിൽ കയറും. അവസാന സ്‌റ്റേഷൻ വരെ ഇവർ ഒപ്പമുണ്ടാകും.
വനിതാ യാത്രക്കാരോട് സംസാരിച്ച് സുരക്ഷാ ബോധവത്കരണം നടത്തുകയാണ് മേരി സഹേലി പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ചെയ്യുന്നത്. മേരി സഹേലി പദ്ധതിയുടെ ഭാഗമായി ദക്ഷിണ റെയിൽവേ 17 സംഘങ്ങൾ രൂപീകരിച്ചു. ആർപിഎഫ് സംഘം വനിതാ യാത്രക്കാരുടെ സീറ്റ് നമ്പറുകൾ ശേഖരിച്ച് വഴി മധ്യേയുള്ള സ്റ്റോപ്പുകളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കൈമാറും സ്‌റ്റേഷനുകളിൽ പ്ലാറ്റ് ഫോം ഡ്യൂട്ടിയിലുള്ളവർ ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട് ക്വാട്ടകളും ബർത്തുകളും നിരീക്ഷിക്കണമെന്നും ആവശ്യമെങ്കിൽ വനിതാ യാത്രക്കാരെ സഹായിക്കണമെന്നുമാണ് നിർദ്ദേശം.




