രാജസ്ഥാൻ സർക്കാരിനെതിരെ ഗുജ്ജാർ പ്രക്ഷോഭം ശക്തം
ജയ്പൂർ :സർക്കാർ സർവ്വീസുകളിൽ അധിക സംവരണം ആവശ്യപ്പെട്ട് ഗുജ്ജാർ ആരക്ഷൺ സംഘർഷ് സമിതി രാജസ്ഥാൻ സർക്കാരിനെതിരെ ആഹ്വാനം ചെയ്ത പ്രക്ഷോഭം ശക്തം. ഭരത്പൂരിൽ പ്രതിഷേധക്കാർ തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തി. റെയിൽ പാളങ്ങൾ പ്രതിഷേധക്കാർ കയ്യടക്കിയതിനെ തുടർന്ന് ഇതുവഴിയുള്ള ഏഴ് തീവണ്ടികൾ വഴിതിരിച്ചു വിട്ടു.
സർക്കാർ സർവ്വീസുകളിൽ പ്രത്യേക വിഭാഗമായി കണക്കാക്കി സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സംഘടന സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തെ തുടർന്ന് ഡൽഹി-മുംബൈ പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തീവണ്ടി ഗതാഗതത്തിന് പുറമേ റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ബന്യാന- ഹിന്ദൗൻ പാതയിൽ പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുകയാണ്.
പ്രക്ഷോഭത്തെ തുടർന്ന് ഹസ്രത് നിസാമുദ്ദീൻ – കോട്ട, ബാന്ദ്ര ടെർമിനസ്- മുസാഫർപൂർ, കോട്ട- ഡെറാഡൂൺ, ഇൻഡോർ- ഹസ്രത് നിസാമുദ്ദീൻ, ഹസ്രത് നിസാമുദ്ദീൻ- ഇൻഡോർ, ഹസ്രത് നിസാമുദ്ദീൻ – ഉദയ്പൂർ, ഉദയ്പൂർ- ഹസ്രത് നിസാമുദ്ദീൻ എന്നീ തീവണ്ടികളാണ് വഴിതിരിച്ച് വിട്ടത്.
അതേസമയം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജസ്ഥാനിലെ ചില ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഇതിന് പുറമേ ഭരത്പൂർ, ദോൽപൂർ,സാവായ് മധോപൂർ, ദൗസ, ടോങ്ക്, ബുന്ദി, ജാൽവാർ, കരൗലി എന്നീ ജില്ലകളിൽ ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയിട്ടുണ്ട്.




