ജെഇഇ, നീറ്റ് പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദം മൂലം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെയിലും നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നത് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും നിരന്തരമായ സമ്മര്‍ദ്ദം മൂലമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍. ഡിഡി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തു നിന്നും നിരന്തരമായ സമർദ്ദമുണ്ടായിരുന്നു. അവരുടെ ചോദ്യം എന്തുകൊണ്ട് ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നില്ലെന്നാണ്. വിദ്യാർത്ഥികൾ വളരെ പരിഭ്രാന്തരാണ്. ഇനിയും എത്രകാലം കൂടി പഠിക്കണമെന്നാണ് അവർ ചിന്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികളും അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. ഞങ്ങൾ വിദ്യാർഥികൾക്ക് ഒപ്പമാണ്. അവരുടെ സുരക്ഷയാണ് പ്രധാനം. അതു കഴിഞ്ഞ് മാത്രമാണ് വിദ്യാഭ്യാസമെന്നും രമേഷ് പൊക്രിയാൽ വ്യക്തമാക്കി.
സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നൽകിയ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജെഇഇ, നീറ്റ് പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ മാസ്കുകളും കൈയുറകളും ധരിക്കുകയും കുപ്പി വെള്ളവും ഹാൻഡ് സാനിറ്റൈസറും പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.

