ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. രാജ്യത്തെ നിലവിലെ രോഗബാധിതരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേർ മരിച്ചു. നിലവിൽ 2,83,407 സജീവ കേസുകളാണുള്ളത്. 5,15,386 പേർ രോഗമുക്തി നേടി. കൊറോണ വൈറസ് ബാധമൂലം 22,123 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ജൂലൈ പത്തു വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 1,13,07,002 സാന്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,82,511 സാന്പികുളാണ് പരിശോധിച്ചത്. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 2,38,461 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,32,625 പേർ രോഗമുക്തി നേടി. 95,943 പേരാണ് ചികിത്സയിലുള്ളത്. 9,893 പേരാണ് മഹാരാഷ്ട്രയിൽ ഇതിനോടകം കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.

