ചിന്നസ്വാമി സ്റ്റേഡിയവും ബംഗളുരു കൊട്ടാരവും കോവിഡ് കെയർ സെന്‍ററാക്കാൻ തീരുമാനം
ബംഗളുരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയവും ബംഗളുരു കൊട്ടാരവും കോവിഡ് കെയർ സെന്‍ററാക്കി മാറ്റാൻ കർണാടക സർക്കാർ തീരുമാനം. സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതു കണക്കിലെടുത്താണു നടപടിയെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ബംഗളുരു അന്താരാഷ്ട്ര എക്സിബിഷൻ സെന്‍റർ കോവിഡ് കെയർ സെന്‍ററാക്കി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണു ചിന്നസ്വാമി സ്റ്റേഡിയവും പാലസും ഇത്തരത്തിൽ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ബംഗളുരു നിവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ തയാറെടുപ്പുകളും സർക്കാർ നടത്തുന്നുണ്ടെന്നും സംസ്ഥാനത്തെ കോവിഡ് മാനേജ്മെന്‍റ് ചുമതലയുള്ള മന്ത്രി ആർ. അശോക പറഞ്ഞു.

