പിന്നോട്ടേക്കില്ല; ലഡാക്ക് അതിർത്തിയിലേക്ക് 15,000 സൈനികരെ കൂടി നിയോഗിച്ച് ഇന്ത്യയുടെ പടയൊരുക്കം
ന്യൂഡൽഹി: സംഘർഷ സാധ്യത നിലനിൽക്കുന്ന കിഴക്കൻ ലഡാക്ക് അതിർത്തിയിലേക്ക് 15,000 സൈനികരെ കൂടി നിയോഗിച്ച് ഇന്ത്യ. ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിർത്തിയിലെത്തിച്ചു. മേഖലയിൽ സുഖോയ് എസ്‌യു 30 എംകെഐ, മിഗ് 29 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ നിരന്തരം ആകാശ നിരീക്ഷണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
പ്രശ്നപരിഹാരമാകും വരെ പടയൊരുക്കത്തിൽ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന സന്ദേശം കൂടിയാണ് ഇന്ത്യ ചൈനയ്ക്ക് നൽകുന്നത്. അമേരിക്കന്‍ നിര്‍മിത സി-17, സി-130ജെ, റഷ്യന്‍ നിര്‍മിത ഇല്യൂഷിന്‍-76, അന്‍റൊണോവ്-32 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും അതിർത്തിയോട് ചേർന്നുള്ള വ്യോമതാവളത്തിൽ എത്തിച്ചിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

