ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 5,66,840 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 18,522 പേർക്ക് രോഗബാധയുണ്ടായി. 418 പേർ മരിച്ചു. ഇതുവരെ 16,893 പേരാണ് കൊവിഡിന് കീഴടങ്ങിയത്. നിലവിൽ രോഗികൾ 2,15125 ആണ്. അതേ സമയം 3,34821 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയർന്നു.
ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പ്രതിരോധമേഖലയിലും പ്രവർത്തിക്കുന്നവർക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് ആശുപത്രികൾ ഉൾപ്പെടെ പതിനാല് ആശുപത്രികളിൽ മാത്രം ഇതുവരെ രോഗികളായത് 2109 ആരോഗ്യ പ്രവർത്തകരാണ്. ഇതിൽ 18 ആരോഗ്യ പ്രവർത്തകർ മരിച്ചു. ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗികളായത് ഡൽഹി എംയിസിലാണ്. 769 പേർക്കാണ് ഇവിടെ രോഗബാധയുണ്ടായത്.

