സയിദ് അലി ഷാ ഗീലാനി ഹൂറിയത് കോണ്‍ഫറൻസിൽനിന്ന് രാജിവച്ചു
ശ്രീനഗർ: സയിദ് അലി ഷാ ഗീലാനി ഹൂറിയത് കോണ്‍ഫറൻസിൽനിന്ന് രാജിവച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി കാഷ്മീരിലെ വിഘടനവാദ രാഷ്ട്രീയത്തിന്‍റെ മുഖമായിരുന്നു മുതിർന്ന നേതാവായ സയിദ് അലി ഷാ ഗീലാനി. മാസങ്ങളായി ഗീലാനിയുടെ ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഓഡിയോ സന്ദേശത്തിലൂടെയാണു പാർട്ടി വിടുന്ന കാര്യം അറിയിച്ചത്. ഹുറിയത് കോണ്‍ഫറൻസിന്‍റെ ഇപ്പോഴത്തെ സ്ഥിതിവച്ച് അതുമായി ചേർന്നു പോകാൻ സാധ്യമല്ലെന്നും എല്ലാവർക്കും വിശദമായ കത്തയച്ചിട്ടുണ്ടെന്നും ഗീലാനി ശബ്ദസന്ദേശത്തിൽ പറഞ്ഞു.
കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കഴിഞ്ഞ ആഗസ്റ്റിൽ റദ്ദാക്കിയ ശേഷം ഹുറിയത്ത് ഘടകങ്ങൾ നിഷ്ക്രിയമാണെന്ന് ആരോപിക്കുന്ന രണ്ടു പേജുള്ള കത്തും ഗീലാനി പുറത്തുവിട്ടിട്ടുണ്ട്. കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള കാഷ്മീരിലെ സുപ്രധാന രാഷ്ട്രീയ നീക്കമായാണ് ഗീലാനിയുടെ രാജി വിലയിരുത്തപ്പെടുന്നത്. 1993 മുതൽ ഗീലാനി സംഘടനയുടെ ഭാഗമായിരുന്നു. 2010-നുശേഷം അദ്ദേഹം കൂടുതൽ സമയവും വീട്ടുതടങ്കലിലായിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ചതിൽ ഹൂറിയത് കോണ്‍ഫറൻസ് വേണ്ടവിധം പ്രതികരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പാകിസ്ഥാനിലെ സംഘടനകൾ ഗീലാനിയെ വിമർശിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

