രാജ്യസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിൽ കോവിഡ് രോഗിയായ എംഎൽഎ വോട്ടു ചെയ്തു


ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് രോഗിയായ എംഎൽഎ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു. കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരിയാണ് വോട്ട് ചെയ്തത്. ആംബുലൻസിൽ എത്തിയ ഇദ്ദേഹം പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്തത്. ഇതേതുടർന്ന് നിയമസഭാ മന്ദിരം അണുവിമുക്തമാക്കി. ജൂൺ 12നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 

കോവിഡ് രോഗിയായ ഒരാള്‍ക്ക് പുറത്തിറങ്ങി വന്ന് വോട്ട് ചെയ്യാന്‍ ഇലക്ഷന്‍ കമ്മീഷന്‍ എന്തുകൊണ്ടാണ് അനുമതി നല്‍കിയതെന്ന് ബിജെപി നേതാവ് ഹിതേഷ് വാച്‌പേയി ചോദ്യമുന്നയിച്ചു. ഇത് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.


പഞ്ചായത്ത് ഇലക്ഷന് നിന്നാല്‍ പോലും വിജയിക്കാത്തവരാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് പറഞ്ഞ് കുനാല്‍ ചൗധരി ഹിതേഷിനെ പരിഹസിച്ചു. ഇതിനുള്ള ഉത്തരം ഭരണത്തിലിരിക്കുന്ന സ്വന്തം പാര്‍ട്ടി നേതാക്കന്മാരോട് ചോദിക്കാണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ക് ഡൗൺ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും കെ.സി. വേണുഗോപാല്‍, ദിഗ്‌വിജയ് സിംഗ് ബിജെപിയില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് തിരഞ്ഞെടുപ്പിലെ ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികള്‍.


ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വീതം സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു പുറമെ, ജാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed