സ്വകാര്യ ടെലികോം കമ്പനികളെ രക്ഷിക്കാൻ ശ്രമം; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം


ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് സ്വകാര്യ ടെലികോം കമ്പനികളെ രക്ഷിക്കാൻ ശ്രമിച്ച കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം. സ്വകാര്യ ടെലികോം കമ്പനികളെ ഒഴിവാക്കി പൊതുമേഖല ടെലികോം കമ്പനികളിൽനിന്ന് നാല് ലക്ഷം കോടിയുടെ എജിആർ ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം വിളിച്ചുവരുത്തിയത്. സ്വകാര്യ കമ്പനികളിൽനിന്ന് എജിആർ ഈടാക്കാനാണ് ഉത്തരവ്. ഇത് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് കോടതി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. പൊതുമേഖല ടെലികോം കമ്പനികളിൽനിന്ന് എജിആർ ഈടാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

തങ്ങളുടെ മുൻ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് പൊതുമേഖല ടെലികോം കമ്പനികളിൽനിന്ന് എജിആർ ഈടാക്കാനുള്ള തീരുമാനമെന്ന് ജസ്റ്റീസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് ഒരുനിലയ്ക്കും അനുവദനീയമല്ലെന്നും കോടതി പറഞ്ഞു. ഉത്തരവ് വക്രീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. പൊതുമേഖലാ കമ്പനികളിൽ നിന്ന് എജിആർ ഈടാക്കാനുള്ള തീരുമാനമെടുക്കാൻ വിധി എങ്ങനെ ഉപയോഗിച്ചെന്ന് സർക്കാരിനോട് കോടതി ചോദിച്ചു.


തീരുമാനം പിൻവലിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed