വിഷവാതകച്ചോർച്ചയിൽ മരണം 11 ആയി: വിദഗ്‌ദ്ധസംഘത്തെ അയക്കുമെന്ന് കേന്ദ്രം
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയർന്നു. ഇന്ന് പുലർച്ചെയുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിശാഖപട്ടണം വെങ്കട്ടപ്പുരത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയിലാണ് വിഷവാതകമായ െസ്റ്ററീൻ ചോർച്ച ഉണ്ടായത്. ലോക്ഡൗണിനെത്തുടർന്ന് അടഞ്ഞുകിടക്കുകയായിരുന്നു ഈ ഫാക്ടറി. വാതക ചോർച്ച പൂർണമായും നിയന്ത്രിച്ചെന്ന് എൽജി കന്പനി അറിയിച്ചിട്ടുണ്ട്.
അതേ സമയം വിശാഖപട്ടണത്തെക്ക് വിദഗ്ധ സംഘത്തെ അയക്കാൻ കേന്ദ്രം തീരുമാനിച്ചു. ദുരിതാശ്വസ രക്ഷാ പ്രവർത്തനത്തിന് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി പ്രാധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പികെ മിശ്ര അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തിൽ എൻഡിഎംഎ, എൻഡിആർഎഫ് എയിംസ് ഡയറക്ടർ എന്നിവർ പങ്കെടുത്തു.

