രാജ്യത്തെ നിയമവ്യവസ്ഥ സന്പന്നർക്കും ശക്തർക്കും അനുകൂലമായി മാറി: ജസ്റ്റീസ് ദീപക് ഗുപ്ത
ന്യൂഡൽഹി: രാജ്യത്തെ നിയമവ്യവസ്ഥ സന്പന്നർക്കും ശക്തർക്കും അനുകൂലമായി മാറിയിരിക്കുകയാണെന്ന് സുപ്രീംകോടതി ജസ്റ്റീസ് ദീപക് ഗുപ്ത. നിയമവാഴ്ചയുടെയും അധികാര വിഭജനത്തിന്റെയും പിന്തുടർച്ച അവകാശപ്പെടുന്ന ഒരു രാജ്യത്ത്, നിർഭയവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയ്ക്ക് പകരമായി ഒന്നും മുന്നോട്ടുവയ്ക്കാൻ സാധിക്കില്ല. ഓരോ പൗരനും അന്തസോടെയാണ് ജീവിക്കുന്നതെന്ന് ഈ കോടതി ഉറപ്പാക്കേണ്ടതുണ്ട്. പകർച്ചവ്യാധിയുടെ സമയങ്ങളിൽ ദരിദ്രരിൽ ദരിദ്രരായവരെ സഹായിക്കാൻ കോടതി ശ്രമിക്കണം− ഗുപ്ത പറഞ്ഞു. ജഡ്ജി കോടതിയിൽ ഇരിക്കുന്പോൾ, മതവിശ്വാസങ്ങൾ മാറ്റിവയ്ക്കണം. കേസുകൾ തീരുമാനിക്കേണ്ടത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. ഭരണഘടനയാണ് കോടതിയുടെ ബൈബിളും ഖുറാനും ഗീതയും ഗുരു ഗ്രന്ഥ് സാഹിബുമെല്ലാം. ജഡ്ജിമാർ മുൻവിധികളെ തിരിച്ചറിയുകയും മാറ്റിനിർത്തുകയും വേണം. ജുഡീഷറി മനുഷത്വവും അനുകന്പയും കാട്ടണം. അത് കാലത്തിന്റെ ആവശ്യമാണ്. ഇതിലൂടെ മാത്രമേ ഇന്ത്യയിലെ പൗരൻമാരുടെ അന്തസ് ഉറപ്പാക്കാൻ കഴിയൂ− ഗുപ്ത പറഞ്ഞു.
ആപ്പിളും ഓറഞ്ചും ഒരുമിച്ച് അളക്കുന്പോൾ നീതിയുടെ അളവുകൾ തുല്യമാകില്ല. ദരിദ്രർക്കും താഴ്ന്നവർക്കും അനുകൂലമായി നീതി നൽകുന്ന തരത്തിൽ ജഡ്ജിമാർ തീരുമാനങ്ങൾ സ്വീകരിക്കണം. ഒട്ടകപ്പക്ഷിയെപ്പോലെ തല പൂഴ്ത്തിയിരുന്ന് നീതിന്യായ വ്യവസ്ഥയിൽ തെറ്റൊന്നുമില്ലെന്നു പറഞ്ഞിട്ട് കാര്യമില്ല. ചീഫ് ജസ്റ്റീസ് ബോബ്ഡെയുടെ കീഴിൽ ജുഡീഷ്യറി ഈ നിലയിലേക്ക് ഉയരുമെന്ന് തനിക്കുറപ്പുണ്ടെന്നും ജസ്റ്റീസ് ദീപക് ഗുപ്ത പറഞ്ഞു. 42 വർഷത്തെ സർവീസിനുശേഷം ഇന്ന് ഈ വേഷം അഴിക്കുകയാണ്. ഈ പ്രഫഷനിലെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. കോടതിയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ട സമയമാണിത്. എന്നാൽ ബാറുമായുള്ള ബന്ധം ഒരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച തന്റെ വിടവാങ്ങൽ പ്രസംഗത്തിലായിരുന്നു ജസ്റ്റിസ് ഗുപ്തയുടെ പരാമർശം.

