കൊവിഡ് ചികിത്സയ്ക്ക് ഗംഗാജലം; പഠനം നടത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി ഐസിഎംആർ
ന്യൂഡൽഹി: കൊവിഡ് 19 വൈറസിനെ തുരത്താൻ ഗംഗാ ജലത്തിനു കഴിയുമോ എന്ന കാര്യത്തിൽ പഠനം നടത്തണമെന്ന കേന്ദ്ര സർക്കാരിൻ്റെ ആവശ്യം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് തള്ളിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് ബാധക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്ന ഈ വേളയിൽ വെറുതെ കളയാൻ തങ്ങളുടെ പക്കൽ സമയമില്ലാത്തതു കൊണ്ടാണ് ആവശ്യം തള്ളിയതെന്ന് ഐസിഎംആർ പറഞ്ഞതായാണ് റിപ്പോർട്ട്.
ഏപ്രിൽ 3ന് അതുല്യഗംഗ എന്ന എൻജിഒ കൂട്ടായ്മയാണ് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്ന് കേന്ദ്ര ജൽ ശക്തി മന്ത്രാലയം ഐസിഎംആറിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. ഗംഗാജലത്തിൽ ബാക്ടീരിയോഫേജ് എന്ന പ്രത്യേക തരം ബാക്ടീരിയകളുണ്ടെന്നും, അവയ്ക്ക് കൊവിഡ് പോലുള്ള മാരക വൈറസുകളെ നശിപ്പിക്കാൻ സാധിക്കുമെന്നുമാണ് അതുല്യഗംഗ വാദിച്ചത്. ഇത്തരത്തിൽ ഗംഗാജലത്തിന് രോഗശമനത്തിനുള്ള കഴിവുണ്ടെന്നും അവർ അവകാശപ്പെട്ടു.
ഈ അവകാശവാദങ്ങൾ ഉൾപ്പെടുത്തി ഗംഗാജലത്തിൽ പഠനം നടത്തണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസിനും ജൽ ശക്തി മന്ത്രാലയത്തിനും അതുല്യഗംഗ കൈമാറിയിരുന്നു. തുടർന്നാണ് വിഷയത്തിൽ പഠനം നടത്തണമെന്ന് ഐസിഎംആറിനോട് ജൽ ശക്തി മന്ത്രാലയം ആവശ്യപ്പെട്ടത്.

