ഉള്ളി കഴിക്കാത്ത ആളായതിനാല്‍ ഉള്ളിയുടെ വിലക്കയറ്റം തന്നെ ബാധിക്കാറില്ലെന്ന് ധനമന്ത്രി


ന്യൂഡല്‍ഹി: ഉള്ളി കഴിക്കാത്ത ആളായതിനാല്‍ ഉള്ളിയുടെ വിലക്കയറ്റം തന്നെ ബാധിക്കാറില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഉള്ളിയുടെ വിലക്കയറ്റം സംബന്ധിച്ച പാര്‍ലമെന്റിലെ ചര്‍ച്ചയിലായിരുന്നു ധനമന്ത്രിയുടെ മറുപടി. തന്റെ വീട്ടില്‍ ഭക്ഷണത്തില്‍ ഉള്ളി അധികം ഉള്‍പ്പെടുത്താറില്ലെന്നും അതുകൊണ്ടു ഉള്ളവില തന്നെ വ്യക്തിപരമായി ബാധിക്കുന്ന കാര്യമല്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഉള്ളിവില പിടിച്ചു നിര്‍ത്തുന്നതായുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുള്ള മുന്‍ കരുതലുകളും വിശദീകരിച്ചു. കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തി. സ്‌റ്റോക്ക് പരിധി നടപ്പാക്കി, വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തു. ഉള്ളി അധികമുള്ള പ്രദേശങ്ങഴില്‍ നിന്നും ഉള്ളി ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് വിതരണം ചെയ്തു എന്നിങ്ങനെ വില വര്‍ദ്ധനവ് തടയാന്‍ അനേകം കാര്യങ്ങളാണ് ചെയ്തത്. 

അതേസമയം ഉള്ളിക്ക് ഭക്ഷണത്തില്‍ അധികം പ്രാധാന്യം കൊടുക്കാത്ത വീട്ടില്‍ നിന്നുമാണ് താന്‍ വരുന്നത്. അധികമായി ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ വാക്കുകള്‍ ചിരിയോടെയാണ് മറ്റംഗങ്ങള്‍ ഏറ്റെടുത്തത്. അതേസമയം കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിന് ഇടയാക്കുമെന്ന സഭയിലെ മറ്റൊരംഗത്തിന്റെ അഭിപ്രായവും ചിരി പടര്‍ത്തി. വില വര്‍ദ്ധനവ് തടയാനുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ വില കൂട്ടുന്ന ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed