ജെ.എൻ.യുവിൽ നേതാക്കളടക്കം 54 പേര്‍ കസ്റ്റഡിയില്‍, ഉന്നതാധികാര സമിതിയെ നിയോഗിച്ചു


ന്യൂഡൽഹി: ഫീസ് വർദ്ധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ഡൽഹി ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷം. പ്രധാനപ്പെട്ട ഗേറ്റ് കടന്ന് വിദ്യാർത്ഥികൾ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ തകർത്ത മുന്നോട്ട് വരാൻ ശ്രമിച്ച വിദ്യാർത്ഥികളും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വന്ന വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, ചർച്ചക്കായി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യു.ജി.സി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. സംഘർഷത്തെ തുടര്‍ന്ന്, യൂണിയൻ നേതാവ് ഐ.ഷി ഘോഷടക്കം 54 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  ക്യാമ്പസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിലവില്‍ പോലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം തുടരുകയാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്യാമ്പസിൽ പോലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. 
ഭാഗികമായി റദ്ദാക്കിയ ഫീസ് വർദ്ധന പൂർണമായും പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഹോസ്റ്റൽ ഫീസ് വർദ്ധിപ്പിക്കാനുള്ള നീക്കം ജെഎൻയു അധികൃതർ ഭാഗികമായി റദ്ദാക്കിയിരുന്നു. 
അതേസമയം, വിവിധ ഇനങ്ങളിൽ സർവ്വീസ് ചാർജായി ഈടാക്കാനുള്ള തീരുമാനം പിൻവലിച്ചില്ല. ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു. നിലവിലെ വിദ്യാഭ്യാസ രീതി പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് വിദ്യാര്‍ത്ഥികൾ ആരോപിക്കുന്നത്.  ആവശ്യങ്ങൾ അംഗീകരിക്കപ്പെടും വരെ സമരം തുടരും എന്നാണ് വിദ്യാർത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയന്റെ തീരുമാനം. എബി.വി.പി ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം പ്രതിഷേധത്തിൽ അണിനിരന്നിട്ടുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed