ഡൽഹിക്കു പിന്നാലെ വായുമലിനീകരണത്തിൽ ശ്വാസംമുട്ടി ചെന്നെയും

ചെന്നെ: ഡൽഹിക്കു പിന്നാലെ വായുമലിനീകരണത്തിൽ ശ്വാസംമുട്ടി ചെന്നൈ നഗരവും. വ്യാഴം രാവിലെ വായുവിന്റെ ഗുണനിലവാര തോതിൽ ചെന്നൈ ഡൽഹിയെ മറികടന്നു. ചെന്നൈയിൽ രാവിലെ 9.30 ന് വായുവിന്റെ ഗുണനിലവാരത്തോത് ആയ എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) 264 ആയിരുന്നു; ഡൽഹിയിലേത് 254 ഉം.നഗരത്തിന്റെ പല പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം വളരെ മോശമാണ്. വെലച്ചേരി, രാമപുരം, മനാലി, കൊടുങ്കയ്യൂർ, അണ്ണാനഗർ, ചെന്നൈ വിമാനത്താവളം എന്നിവിടങ്ങളിൽ മലിനീകരണ തോത് 341 ആയി ഉയർന്നു. നിലവിലെ ഉയർന്ന മലിനീകരണ തോത് ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കുകിഴക്കൻ മൺസൂൺ നാളെ മുതൽ പുനരാരംഭിക്കാൻ സാധ്യതയുണ്ട്. വായുവിന്റെ ഗുണനിലവാര തോത് കൃത്യമായി കണക്കാക്കാൻ സഹായിക്കുന്ന എയർ മോണിറ്ററിങ് സ്റ്റേഷൻ ചെന്നൈയിൽ ഇല്ലെന്ന് വിദഗ്ധർ പറയുന്നു. നഗരത്തിലെ വായുമലിനീകരണത്തെക്കുറിച്ച് പഠനം നടത്തിയ അർബൻഎമിഷൻ ഡോട്ട്കോം പറയുന്നത്, ഗുണനിലവാര തോത് കണക്കാക്കാൻ കുറഞ്ഞത് 38 എയർ മോണിറ്ററിങ് സ്റ്റേഷനുകളെങ്കിലും വേണമെന്നാണ്. റോഡിലെ പൊടിപടലങ്ങൾ, കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ, തുറന്ന സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് എന്നിവയാണ് ചെന്നൈയിലെയും സമീപപ്രദേശങ്ങളിലെയും വായുമലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ. എന്നാൽ കടൽക്കാറ്റ് വായു മലിനീകരണത്തിന്റെ തോത് പരിമിതപ്പെടുത്തുന്നുണ്ട്.