അധോലോക നായകൻ ഇഖ്ബാൽ മിർച്ചിയുടെ കൂട്ടാളിയെ ഇഡി അറസ്റ്റ് ചെയ്തു
മുംബൈ: അധോലോക നായകൻ ഇഖ്ബാൽ മിർച്ചിയുടെ കൂട്ടാളിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഹുമയൂൺ മർച്ചന്‍റാണ് അറസ്റ്റിലായത്. ഇയാളെ മുംബൈയിലെ കോടതിയിൽ ഹാജരാക്കി. ഇഖ്ബാൽ മിർച്ചിയുടെ വിവാദ സ്വത്തുക്കളുമായി ബന്ധപ്പെട്ടാണ് മർച്ചന്‍റിനെ അറസ്റ്റ് ചെയ്തത്. മിർച്ചിയുടെ പവർ ഓഫ് അറ്റോർണി കൈവശംവച്ചിരുന്നത് മർച്ചന്‍റായിരുന്നു. മുംബൈയിലെ പല വസ്തുവകകളും ഇഖ്ബാൽ മിർച്ചിയുടെ ബിനാമി സ്വത്തിൽപ്പെട്ടതാണെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്‍റെ മിലേനിയം ഡെവലപ്പേഴ്‌സിന് ലഭിച്ച സീജേ ഹൗസും ഈ കൂട്ടത്തിലുണ്ട്. ഇതു വിറ്റുകിട്ടിയ പണം മിർച്ചി നിയമവിരുദ്ധകാര്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളിയാണ് ഇഖ്ബാൽ മിർച്ചി.

