കാനഡ പൊതുതെരഞ്ഞെടുപ്പ്: ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഭരണ തുടർച്ച
ഒട്ടോവ: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അന്തിമചിത്രം തെളിഞ്ഞപ്പോള്‍ കാനഡയുടെ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ തുടരുമെന്നുറപ്പായി. ലിബറല്‍ പാര്‍ട്ടി പാര്‍ലമെന്‍റിലെ ഒറ്റകക്ഷിയായതോടെയാണ് ട്രൂഡോയ്ക്ക് അധികാരത്തില്‍ തുടരാന്‍ വഴിയൊരുങ്ങിയത്. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ചെറുപാര്‍ട്ടികളുടെ സഹായത്തോടെ ട്രൂഡോയ്ക്ക് അനായാസം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പാര്‍ലമെന്‍റിലെ 338 സീറ്റുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡ 33 ശതമാനം വോട്ടു വിഹിതം 157 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 170 സീറ്റുകളാണ് വേണ്ടത്. മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ്സ് 34 ശതമാനം വോട്ടുവിഹിതം കരസ്ഥമാക്കിയെങ്കിലും 121 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. കഴിഞ്ഞ തവണ 95 സീറ്റുകള്‍ മാത്രമായിരുന്നു കണ്‍സര്‍വേറ്റീവ്സിന് നേടാനായത്.
ഇന്ത്യന്‍ വംശജ്ഞനായ ജഗ്മീറ്റ് സീംഗ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന എന്‍ഡിപി തെരഞ്ഞെടുപ്പിലെ കറുത്ത കുതിരകളായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 16 ശതമാനം വോട്ടുവിഹിതത്തോടെ 17 സീറ്റുകള്‍ നേടാന്‍ മാത്രമേ അവര്‍ക്കായുള്ളൂ. മറ്റൊരു ചെറുപാര്‍ട്ടിയായ ബ്ലോക്ക് ക്വബിക്വാസ് 14 സീറ്റുകളും ഗ്രീന്‍ പാര്‍ട്ടി ഓഫ് കാന്നഡ 3 സീറ്റുകളും നേടി. ഇത്തരം ചെറുപാര്‍ട്ടികളുടെ സഹായത്തോടെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ട്രൂഡോയുടെ പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്.

