സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന പൊതു താൽപര്യ ഹര്‍ജി സുപ്രീം കോടതി തള്ളി


ന്യൂഡൽഹി: സാമൂഹികമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുതുതായി സമർപ്പിച്ച പൊതു താൽപര്യ ഹർജി സുപ്രീം കോടതി തള്ളി.
ഈ വിഷയത്തിൽ മദ്രാസ് ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ ഹർജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീ കോടതി ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് വിഷയത്തിൽ പുതിയ പൊതുതാൽപര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
സാമൂഹികമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് ഹർജികളിലാണ് മദ്രാസ് ഹൈക്കോടതി വാദം കേൾക്കുന്നത്. സമാന ആവശ്യവുമായി ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലും ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ഹൈക്കോടതികളിൽ സമർപ്പിക്കപ്പെട്ട ഹർജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെയ്സ്ബുക്ക് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എല്ലാ ഹർജികളും ഒരേ ആവശ്യം മുൻനിർത്തിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫെയ്സ്ബുക്ക് ഇത്തരത്തിൽ ഹർജി സമർപ്പിച്ചത്.
ഫെയ്സ്ബുക്കിന്റെ ഈ ഹർജി കഴിഞ്ഞമാസം പരിഗണിക്കവേ, സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം തടയാനാവശ്യമായ നിയന്ത്രണങ്ങൾ രൂപപ്പെടുത്താൻ എത്രസമയം വേണ്ടിവരുമെന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed