ജി.എ.സ്. ടി​യി​ൽ പി​ഴ​വു​ക​ളു​ണ്ടാ​കാം; പെ​ട്ടെ​ന്നു മാ​റ്റാ​നാ​കി​ല്ല;


പൂന: ജി.എ.സ്. ടി (ചരക്കുസേവന നികുതി) നടപ്പാക്കിയതിൽ പിഴവുകളുണ്ടെന്നു സമ്മതിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പൂനയിൽ വ്യവസായികളുടെ യോഗത്തിൽ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ കുറ്റസമ്മതം. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ മാപ്പുചോദിച്ച ധനമന്ത്രി, ഈ ബുദ്ധിമുട്ടുകൾക്കു പാർലമെന്‍റിന്‍റെ അനുവാദമില്ലാതെ തിടുക്കത്തിൽ പരിഹാരം കാണാൻ കഴിയില്ലെന്നും വ്യക്തമാക്കി. നികുതി ഘടനയിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിച്ചിരുന്നെങ്കിൽ നികുതി ഘടന മാറ്റാതെ തന്നെ ജി.എ.സ്. ടി മെച്ചപ്പെടുത്താൻ കഴിയുമെന്നും നിലവിലെ സാഹചര്യത്തിൽ കണ്‍സൾട്ടന്‍റുമാരും ഓഡിറ്റർമാരും സർക്കാരിനെ ശപിക്കുകയാണെന്നും യോഗത്തിൽ പങ്കെടുത്ത ഒരാൾ ചൂണ്ടിക്കാട്ടി. ഇതിനോടു പ്രതികരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ. എന്നോടു ക്ഷമിക്കുക, ഞാൻ നിങ്ങളോടു വിയോജിക്കുന്നു. പാർലമെന്‍റിൽ പല പാർട്ടികളും എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചതിന്‍റെ ഫലമാണ് ഈ നിയമം. പെട്ടെന്നൊരു സാഹചര്യത്തിൽ ഇതൊരു മോശം ഘടനയാണെന്നു പറയാൻ സാധിക്കില്ല. ആദ്യ ദിവസം മുതൽ ജി.എ.സ്. ടി നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്തു വരണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പക്ഷേ അതു സാധിക്കാതെ പോയതിൽ ഞാൻ മാപ്പു ചോദിക്കുന്നു. പക്ഷേ അതുപേക്ഷിക്കാൻ വയ്യ. ഇപ്പോൾ ഇതു രാജ്യത്തെ നിയമമാണ്- നിർമ്മല സീതാരാമൻ പറഞ്ഞു. പാർലമെന്‍റിലും നിയമസഭകളിലും ജി.എ.സ്. ടി വ്യവസ്ഥകൾ പാസാക്കിയിട്ടുള്ളതാണ്. ഇതിനു പോരായ്മകളുണ്ടാകാം. നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. എന്നോടു ക്ഷമിക്കുക. പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലൊരു ചട്ടക്കൂട് സൃഷ്ടിക്കണമെന്നും അതിനായി പ്രവർത്തിക്കണമെന്നും നിർമ്മല സംരംഭകരോടു യോഗത്തിൽ അഭ്യർത്ഥിച്ചു.
ജി.എ.സ്. ടി വരുമാനം ഇടിയുകയും രാജ്യം സാന്പത്തിക മാന്ദ്യത്തെ നേരിടുകയും ചെയ്യുന്പോഴാണു മന്ത്രിയുടെ കുറ്റസമ്മതം. ജി.എ.സ്. ടി വരുമാനം കുറയാൻ കാരണം രാജ്യത്തെ സാന്പത്തിക മാന്ദ്യമാണെന്നാണ് വിദഗ്ദ്ധ റിപ്പോർട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed