മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർത്ഥി വിശ്വാസിയായതാണ് ചിലരുടെ പ്രശ്നം’; മുഖ്യമന്ത്രി
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എത്തി. ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ തെറ്റുകൾ തിരുത്താനുള്ള അവസരമായി ജനങ്ങൾ കാണുന്നുണ്ടെന്നും അതാണ് പാലായിൽ കണ്ടതെന്നും മുഖ്യമന്ത്രി മഞ്ചേശ്വരത്ത് പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയം പറയുന്നില്ല. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർത്ഥി ശങ്കർ റൈ വിശ്വാസിയായതാണ് ചിലരുടെ പ്രശ്നം. ഈ പരിപാടിയിൽ പോലും മഹാഭൂരിപക്ഷം വിശ്വാസികളാണ്. എന്തിനാണ് വേവലായിതെന്നും വർഗീയ കാർഡ് ഇറക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശങ്കർ റൈയെ എല്ലാവർക്കും അറിയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷ വിമർശനവും ഉയർത്തി. അങ്ങോട്ടൊക്കെ താങ്കൾ എന്താണെന്ന് അറിയാം, മഞ്ചേശ്വരത്തെ പാവങ്ങളുടെ മുന്നിൽ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട്ടിൽ ടിവിയിൽ വാർത്ത (സോളാർ) കാണാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു കേരളത്തിൽ. ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനം എന്ന നിലയിൽ നിന്നും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 30,000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ഈ വർഷം നടപ്പാക്കുന്നത്. ബേക്കൽ − കോവളം 600 കിലോമീറ്റർ ജലപാത അടുത്ത വർഷം പൂർത്തിയാകും, ഇത് വരുന്നതോടെ നാടിന്‍റെ മുഖച്ഛായ മാറും. റെയിൽ യാത്രാദുരിതം ശാപമായി നിൽക്കുകയാണ്.
സെമി ഹൈ സ്പീഡ് റെയിൽവേ ലൈൻ വരുന്നതോടെ നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നു തിരുവനന്തപുരം എത്തുമെന്നും കാര്യങ്ങൾ ദ്രുതഗതിയിൽ നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടമൺ− കൊച്ചി പവർ ഹൈവേ പണി പൂർത്തിയായി, ഇതിലൂടെ 3700 മെഗാവാട്ട് വൈദ്യുതി ലഭിക്കാനുള്ള സൗകര്യമുണ്ട്. പ്രവാസികൾക്ക് പണം അയക്കാനുള്ള മാർഗമായി കേരള ബാങ്കിനെ മാറ്റും. നല്ല കാര്യങ്ങൾ നടക്കുന്പോൾ അപശബ്ദങ്ങൾ ഉണ്ടാകുമെന്നും അതിനെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

