കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള ബന്ധത്തിനുമില്ലെന്ന് എന്‍.സി.പി


പൂനെ: കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള ബന്ധത്തിനുമില്ലെന്ന് എന്‍.സി.പി. കോണ്‍ഗ്രസുമായുള്ള ലയനം അജണ്ടയിലില്ലെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെ പറഞ്ഞു. ശരദ് പവാര്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുപ്രിയ സുലെ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും എന്‍.സി.പിയും ഭാവിയില്‍ ലയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ അവകാശപ്പെട്ടിരുന്നു. കോണ്‍ഗ്രസും എന്‍.സി.പിയും ഒരേ പ്രത്യയശാസ്ത്ര വീക്ഷണത്തില്‍പ്പെട്ടവരാണെന്നും ഇരു പാര്‍ട്ടികളും ഇപ്പോള്‍ ക്ഷീണിതരാണെന്നും അതുകൊണ്ടുതന്നെ ഒരുമിച്ചുമുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷിന്‍ഡെ പറഞ്ഞിരുന്നു. ഷിന്‍ഡെയ്ക്ക് മറുപടിയുമായാണ് സുപ്രിയ രംഗത്ത് വന്നത്. കോണ്‍ഗ്രസുമായുള്ള ലയനം ഇരു പാര്‍ട്ടികളെയും സഹായിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അവരുടെ വഴിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് സുപ്രിയ പറഞ്ഞു. താന്‍ എന്തിന് അതോര്‍ത്ത് ആശങ്കപ്പെടണം. താന്‍ ആ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നില്ലെങ്കില്‍ അവരുമായുള്ള ബന്ധത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലല്ലോയെന്നും സുലെ ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നത എന്‍.സി.പിയെ സ്വാധീനിക്കുമോ എന്ന ചോദ്യവും സുലെ തള്ളി. വിയോജിപ്പ് ജനാധിപത്യത്തിന്റെ ഭാഗമാണ്. ഇത്രയും പഴയ പാര്‍ട്ടിയിലെ ഒന്നോ രണ്ടോ ആളുകള്‍ എന്തെങ്കിലും പറയുന്നു. അത് വളരെ പ്രസക്തമാണെന്ന് താന്‍ കരുതുന്നില്ലെന്നും സുലെ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed