ഉന്നാവോ കേസിലെ പെൺകുട്ടി വീണ്ടും പീഡനത്തിന് ഇരയായെന്നു സി.ബി.ഐ
ന്യൂഡൽഹി: ഉന്നാവോ ലൈംഗികാതിക്രമ കേസിലെ ഇര വീണ്ടും കൂട്ടമാനഭംഗത്തിനിരയായതായി സി.ബി.ഐ. ബി.ജെ.പി നേതാവ് കുൽദീപ് സിംഗ് സെൻഗാർ ലൈംഗികാതിക്രമം നടത്തി ഒരാഴ്ചക്കു ശേഷമായിരുന്നു ഇതെന്നും ഈ കേസിൽ ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കുന്നു. 2017 ജൂൺ 11−ന് ഉന്നാവോയിൽനിന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ മൂന്നുപേരെ പ്രതികളാക്കിയാണു കുറ്റപത്രം സമർപ്പിച്ചിക്കുന്നത്. നരേഷ് തിവാരി, ബ്രിജേഷ് യാദവ് സിംഗ് എന്നിവർക്കെതിരെ തട്ടിക്കൊണ്ടുപോയതിനും ശുഭം സിംഗിനെതിരെ ലൈംഗിക അതിക്രമത്തിനുമാണു കേസ്.
മുഖ്യപ്രതി കുൽദീപ് സിംഗ് സെൻഗാറിന്‍റെ സഹായിയായ ശശി സിംഗിന്‍റെ മകനാണു ശുഭം സിംഗ്. കൂടുതൽ രേഖകൾ സമർപ്പിക്കാൻ സി.ബി.ഐ സമയം ചോദിച്ചതിനാൽ കേസ് പരിഗണിക്കുന്നത് ഈ മാസം പത്തിലേക്കു മാറ്റി. 2017 ജൂൺ നാലിനാണ് സെൻഗാർ പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. കേസിൽ അറസ്റ്റിലായ സെൻഗാർ ജയിലിലാണ്. ഉന്നാവോ പെൺകുട്ടിയാകട്ടെ വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ഇപ്പോൾ ആശുപത്രി വിട്ടു. ഈ അപകടക്കേസിലും അന്വേഷണം നടക്കുന്നുണ്ട്. സംഭവം നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ബി.ജെ.പി സെൻഗാറിനെ പുറത്താക്കിയത്.

