ആണവ നയം മാറിയേക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്; ഇന്ത്യ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നയം ആവശ്യമെങ്കില്‍ മാറ്റും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആണവ നയം മാറിയേക്കാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യം രണ്ട് ആണവ പരീക്ഷണങ്ങള്‍ നടത്തിയ പൊഖ്‌റാന്‍ സന്ദര്‍ശിച്ച ശേഷമാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആണവ നയം മാറിയേക്കാമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ ഒരിക്കലും ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്നാണ് നയം. എന്നാല്‍ ഭാവിയിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഇതില്‍ മാറ്റം വന്നേക്കാമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് രാജ്‌നാഥ് സിംഗ് പൊഖ്‌റാന്‍ സന്ദര്‍ശിച്ചത്. വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് ഇന്ത്യ പൊഖ്‌റാനില്‍ രണ്ടാമത്തെ ആണവ പരീക്ഷണം നടത്തിയത്. ഒന്നാം ആണവ പരീക്ഷണം ഇന്ദിരാഗാന്ധിയുടെ കാലത്ത് 1974ല്‍ നടന്നു.
പൊഖ്റാനില്‍ നടന്ന ചടങ്ങില്‍ രാജ്നാഥ് സിംഗ്
അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ഇന്ത്യ ആണവശക്തിയാണെന്ന് പ്രഖ്യാപിച്ച സ്ഥലമാണ് പൊഖ്റാൻ. ആണവായുധങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വീകരിച്ചു പോന്ന നയം ഇന്നും തുടരുന്നുണ്ട്. ഭാവിയിൽ അതിന് എന്ത് സംഭവിക്കുമെന്ന കാര്യം അന്നത്തെ സാഹചര്യത്തെ അനുസരിച്ചിരിക്കും- രാജ്നാഥ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന് രാജ്നാഥ് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ന് ഇവിടെ എത്തി എന്നത് യാദൃച്ഛികമാണ്- രാജ്നാഥ് പറഞ്ഞു.

