അയോധ്യ മധ്യസ്ഥ ചർച്ച പരാജയം: ഓഗസ്റ്റ് 6 മുതൽ തുടർച്ചയായി വാദം കേൾക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: അയോധ്യ തർക്കം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാനായില്ല. ഇടനിലക്കാരെ വച്ച് പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സ്ഥിതിയ്ക്ക് ദിവസം തോറും കേസിൽ വാദം കേട്ട്, പരമാവധി വേഗത്തിൽ വിധിപ്രസ്താവം നടത്താൻ സുപ്രീംകോടതി തീരുമാനിച്ചു. ഇതനുസരിച്ച് ഓഗസ്റ്റ് 6-ന് കേസിൽ തുടർച്ചയായ വാദം തുടങ്ങും. നവംബർ 17-നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുമ്പ് തന്നെ കേസിൽ വാദം കേട്ട് വിധി പറയാനാകും ഭരണഘടനാ ബഞ്ച് ശ്രമിക്കുക. 14 ഹർജികളാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. എല്ലാ കക്ഷികളുടെയും വാദങ്ങൾ കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും പഴക്കമേറിയ കേസുകളിലൊന്നാണ് ഈ വർഷം അവസാനത്തോടെ തീർപ്പാക്കാൻ സുപ്രീംകോടതി തീരുമാനിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ ഈ കേസിലെ വാദപ്രതിവാങ്ങളും അന്തിമ വിധിയും വലിയ ചലനങ്ങളുണ്ടാക്കുമെന്നുറപ്പാണ്.
രാം ജന്മഭൂമി - ബാബ്‍രി മസ്‍ജിദ് തർക്കം മധ്യസ്ഥ ചർച്ചയിൽ സമവായം കൊണ്ടുവരാനായില്ലെന്ന് മൂന്നംഗ മധ്യസ്ഥ സമിതി സുപ്രീംകോടതിയെ അറിയിച്ചു. വിരമിച്ച ജഡ്‍ജി എഫ് എം ഐ ഖലീഫുള്ള, ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരാണ് മധ്യസ്ഥ ചർച്ചാ സമിതിയിലുണ്ടായിരുന്നത്. ''കഴിവിന്‍റെ പരമാവധി സമവായത്തിന് ശ്രമിച്ചെന്നും'' എന്നാൽ ഫലമുണ്ടായില്ലെന്നും മധ്യസ്ഥ സമിതി അറിയിച്ചതായാണ് സൂചന. ഈ വർഷം ജനുവരിയിലാണ് അയോധ്യയിൽ പ്രശ്നപരിഹാരത്തിന് മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്. പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളെയും വിളിച്ചിരുത്തി ചർച്ചകൾ നടത്തിയില്ലെന്ന ആരോപണം വരാതിരിക്കാനാണ് ഈ നടപടിയെന്ന് ചീഫ് ജസ്റ്റിസ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

