3000 കോടിക്ക് ടെക് പാർക്ക് വിൽക്കാനൊരുങ്ങി വി.ജി സിദ്ധാർഥയുടെ കുടുംബം
ബെംഗളൂരു: നദിയിൽ ചാടി ജീവനൊടുക്കിയ കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാർഥയുടെ കടബാധ്യതകൾ തീർക്കാൻ തിരക്കിട്ട നീക്കങ്ങളുമായി കുടുംബം. കഫേ കോഫി ഡേ (സി.സി.ഡി) കമ്പനിയുടെ 90 ഏക്കർ സ്ഥലം കൈമാറി പണം സ്വരൂപിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി സിദ്ധാർഥയുടെ കുടുംബവും യു.എസ് സ്ഥാപനമായ ബ്ലാക്ക്സ്റ്റോണും ചർച്ചകൾ തുടങ്ങി. സ്പെഷൽ ഇക്കണോമിക് സോണിലുള്ള ടെക്നോളജി പാർക്കിലെ 90 ഏക്കർ ഭൂമിയുടെ ഓഹരി നിയന്ത്രണാധികാരം ബ്ലാക്ക്സ്റ്റോണിനു കൈമാറുന്നതിലൂടെ 3000 കോടി രൂപ സമാഹരിക്കാനാകുമെന്നാണു പ്രതീക്ഷ. സി.സി.ഡിയുടെ ഭൂമി ബ്ലാക്ക്സ്റ്റോണിന് നൽകുന്നതിനു ബാങ്കുകളും നിക്ഷേപകരും സന്നദ്ധത പ്രകടിപ്പിച്ചു. നേരത്തേ ചില ആലോചനകൾ നടന്നെങ്കിലും സിദ്ധാർഥയുടെ മരണത്തോടെ ബ്ലാക്ക്സ്റ്റോണുമായുള്ള ചർച്ചകൾ പുനഃരാരംഭിക്കുകയായിരുന്നു.

