പതഞ്ജലിയുടെ ഇൻഷുറൻസിന് ഐആർഡിഎഐ അനുമതി
ഷീബ വിജയൻ
ന്യൂഡൽഹി: വിവാദ വ്യവസായിയും യോഗ പരിശീലകനുമായ പതഞ്ജലിയുടെ ഇൻഷുറൻസ് വരുന്നു. ധർമപാൽ സത്യപാൽ ഗ്രൂപ്പുമായി ചേർന്നാണ് സംരംഭം. മാഗ്മ ജനറൽ ഇൻഷുറൻസിനെ ഏറ്റെടുത്താണ് പുതിയ സംരംഭത്തിന് പതഞ്ജലി തുടക്കം കുറിക്കുന്നത്. ഏറ്റെടുക്കലിനുള്ള അനുമതി ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി നൽകി. 4500 കോടി രൂപ മുടക്കിയാവും ഏറ്റെടുക്കൽ.
ബാബ രാംദേവിന്റെ ഫിനാൻഷ്യൽ സർവീസിലേക്കുള്ള എൻട്രിയാവും ഏറ്റെടുക്കലിലൂടെ നടക്കുക. എഫ്എംസിജി (FMCG) രംഗത്ത് പ്രവർത്തിക്കുന്ന പതഞ്ജലി ഗ്രൂപ്പ് ഇൻഷൂറൻസ് കമ്പനിയുടെ 73.6 ശതമാനം ഓഹരി ഏറ്റെടുക്കും. പാൻ മസാല നിർമാതാക്കളായ ഡിഎസ് ഗ്രൂപ്പ് 24.5 ശതമാനം ഓഹരിയും ഏറ്റെടുക്കും. അദാർ പൂനാവാലയുടെ ഉടമസ്ഥതയിലുള്ള സനോട്ടി പ്രോപ്പർട്ടീസിൽ നിന്നും, സെലിക്ക ഡെവലപ്പേഴ്‌സ്, ജാഗ്വാർ അഡ്വൈസറി സർവീസസ് തുടങ്ങിയ വിൽപ്പനക്കാരായ ഓഹരി ഉടമകളിൽ നിന്നുമാണ് ഈ ഓഹരികൾ ഏറ്റെടുക്കുന്നത്. ജൂലൈ 28-നാണ് പതഞ്ജലിക്ക് ഐആർഡിഎഐയുടെ അനുമതി ലഭിക്കുന്നത്.
ഇൻഷുറൻസ് മേഖലയിൽ 2021-2025 സാമ്പത്തിക വർഷങ്ങൾക്കിടയിൽ 22 ശതമാനം വളർച്ചയുണ്ടാക്കിയ കമ്പനിയാണ് മാഗ്മ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാഗ്മ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. ഒരു കോടിയുടെ ലാഭത്തിലേക്കാണ് കമ്പനി എത്തിയത്. 2024 സാമ്പത്തിക വർഷത്തിൽ 141 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്.
ജനറൽ ഇൻഷുറൻസ് മേഖലയിൽ 71 ഓളം ഉൽപ്പന്നങ്ങളാണ് കമ്പനിക്ക് കീഴിലുള്ളത്. ഒരുഘട്ടത്തിൽ പാപ്പരത്ത നടപടിയെ വരെ സ്ഥാപനം അഭിമുഖീകരിച്ചിരുന്നു. അതേസമയം, തങ്ങളുടെ രണ്ട് ലക്ഷത്തോളം വരുന്ന റീടെയിൽ കൗണ്ടറുകൾ വഴി ഗ്രാമീണ മേഖലയിൽ വരെ ഇൻഷൂറൻസ് ഉൽപ്പന്നങ്ങൾ വിൽക്കാനാണ് പതഞ്ജലിയുടെ പദ്ധതി.
efrffdds

