വിജയിയുടെ ടി.വി.കെയിലേക്ക് ഒ. പന്നീർസെൽവവും? രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹം ശക്തം
ഷീബ വിജയൻ
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഒ. പന്നീർസെൽവം (ഒ.പി.എസ്) ഡി.എം.കെയിൽ നിന്ന് രാജിവെക്കാൻ ആലോചിക്കുന്നതായി വിവരം. ഡി.എം.കെ വിട്ട് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയിൽ ചേരുമെന്നാണ് സൂചന. ഡി.എം.കെ ടിക്കറ്റിൽ ലഭിച്ച എം.എൽ.എ സ്ഥാനം രാജിവെച്ചശേഷമായിരിക്കും ടി.വി.കെ പ്രവേശനം.
ടി.വി.കെ നേതാക്കളായ എൻ. ആനന്ദുമായും ആധവ് അർജുനയുമായും പാർട്ടി പ്രവേശത്തെപ്പറ്റി മകനും മുൻ എം.പി.യുമായ ഒ.പി. രവീന്ദ്രനാഥ് സംസാരിച്ചതായാണ് വിവരം. വിഷയം പാർട്ടി അധ്യക്ഷൻ വിജയുമായി സംസാരിക്കാമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്.
ബോഡിനായ്ക്കന്നൂരിൽനിന്ന് ജയിച്ചാണ് ഡി.എം.കെ ടിക്കറ്റിൽ ഒ.പി.എസ് നിയമസഭയിലെത്തിയത്. ഡി.എം.കെയിൽ ചേർന്ന് ആറുമാസം പിന്നിടുമ്പോഴാണ് ഈ അഭ്യൂഹം ശക്തമായിരിക്കുന്നത്. ഡി.എം.കെയിൽ പ്രതീക്ഷിച്ച രാഷ്ട്രീയ പ്രാധാന്യവും ചുമതലകളും ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് ഈ നീക്കത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. പാർട്ടി സംഘടനയിൽ പ്രധാന ചുമതലകൾ നൽകിയിട്ടില്ലെന്നും, പ്രധാന രാഷ്ട്രീയ തീരുമാനങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെടുന്നുവെന്ന വികാരവും അദ്ദേഹത്തിനും അനുയായികൾക്കുമിടയിൽ ശക്തമാണ്. അതേസമയം, പാർട്ടി വിടുമെന്ന വാർത്തയോട് ഒ. പന്നീർസെൽവമോ ഡി.എം.കെ നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഡി.എം.കെ എം.പി തങ്ക തമിഴ് സെൽവൻ തേനി ലോക്‌സഭാ മണ്ഡലത്തിൽ സജീവമായതിനാൽ പന്നീർസെൽവത്തിന് ഒരു സ്ഥാനവും നൽകാത്തതിൽ ഒ.പി.എസിനും ഒ.പി. രവീന്ദ്രനാഥിനും അതൃപ്തിയുള്ളതായാണ് വിവരം. പന്നീർസെൽവത്തിന്റെ ഭാവി രാഷ്ട്രീയ നീക്കത്തെക്കുറിച്ച് വിവിധ അഭ്യൂഹങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രചരിക്കുന്നുണ്ട്. വിജയിയുടെ പാർട്ടിയിലേക്ക് പോകുമെന്ന തരത്തിലുള്ള വാർത്തകൾ മുമ്പ് പുറത്തുവന്നപ്പോൾ അദ്ദേഹം അത് തള്ളിക്കളയുകയും ഡി.എം.കെയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ രാഷ്ട്രീയ ദുഷ്ടന്മാർ പ്രചരിപ്പിച്ച വെറും കിംവദന്തികളാണെന്നുമായിരുന്നു അന്ന് ഒ.പി.എസിന്റെ പ്രതികരണം.
2026 ഫെബ്രുവരിയിലാണ് അണ്ണാ ഡി.എം.കെ വിട്ട് ഒ. പന്നീർസെൽവം ഡി.എം.കെയിൽ ചേർന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം. നിയമസഭാംഗ സ്ഥാനം രാജിവച്ച ശേഷമാണ് അദ്ദേഹം അന്ന് ഡി.എം.കെയിലെത്തിയത്. ഈ നീക്കം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
asasasasasa

