രണ്ടുപേർക്ക് ഒറ്റ പുതപ്പ്; ആർഎസി യാത്രക്കാരനോട് അനാസ്ഥ കാട്ടിയ റെയിൽവേക്ക് 25,000 രൂപ പിഴ
ഷീബ വിജയൻ
ന്യൂഡൽഹി: ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യാത്രികർക്ക് ഒറ്റ പുതപ്പ് നൽകിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേക്ക് 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ. യാത്രക്കാർ നേരിട്ട അസൗകര്യവും മാനസിക പ്രയാസവും പരിഗണിച്ചാണ് ഡൽഹി ഉപഭോക്തൃ കമ്മീഷന്റെ நடவடிக்கை.
2022 ഒക്ടോബർ 25-നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. പ്രയാഗ്‌രാജിൽ നിന്ന് ഡൽഹിയിലേക്ക് ആർഎസി ടിക്കറ്റായിരുന്നു പരാതിക്കാരന് ലഭിച്ചത്. ഇതുപ്രകാരം മറ്റൊരാളുമായി ബർത്ത് പങ്കുവെക്കണം. അപരിചിതരായ രണ്ട് യാത്രക്കാരായിട്ടും ഇരുവർക്കും ഒരു പുതപ്പും തലയിണയും ബെഡ് ഷീറ്റും അടങ്ങിയ ബെഡ്‌റോൾ ആണ് നൽകിയത്. മറ്റൊരു പുതപ്പ് നൽകാൻ ട്രെയിൻ അറ്റൻഡറോട് അഭ്യർഥിച്ചിട്ടും നൽകിയില്ല. ഒരു ബർത്തിന് ഒരു ബെഡ്‌റോൾ എന്നതാണ് നിയമമെന്ന് അറ്റൻഡർ നിലപാടെടുത്തു.
യാത്രക്കാരൻ ടിടിഇയെ കണ്ട് പരാതി പുസ്തകത്തിന് ആവശ്യപ്പെട്ടെങ്കിലും ഇതും നൽകിയില്ല. പിന്നീട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തി പരാതി നൽകി. ബെഡ്‌റോളുമായി ബന്ധപ്പെട്ട നിയമം അറിയാനായി ആർടിഐ അപേക്ഷയും നൽകി. സംഭവത്തിൽ പിന്നീട് റെയിൽവേ ബെഡ്‌റോൾ കോൺട്രാക്ടർക്ക് 1000 രൂപ പിഴയിട്ടിരുന്നു. എന്നാൽ ഇക്കാര്യം പരാതിക്കാരനെ അറിയിച്ചിരുന്നില്ല.
നടപടിയൊന്നുമില്ലാതായതോടെയാണ് യാത്രക്കാരൻ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. ആർഎസി യാത്രക്കാരുടെയും ടിക്കറ്റ് നിരക്കിൽ ബെഡ്റോൾ ചാർജ് ഈടാക്കുന്നുണ്ടെന്നും അവർക്കും പ്രത്യേകമായി ബെഡ്റോൾ നൽകേണ്ടതുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു. തുടർന്നാണ് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടത്. യാത്രക്കാരൻ നേരിട്ട മാനസിക പ്രയാസത്തിനാണ് 20,000 രൂപ നഷ്ടപരിഹാരം. 5000 രൂപ കോടതി ചെലവുകൾക്കായാണ്.
gsdgfgfgf

