50 കോൺഗ്രസ്–എൻ.സി.പി എം.എൽ.എമാർക്ക് ബി.ജെ.പിയിലെത്തുമെന്ന് ഗിരീഷ് മഹാജൻ
മുംബൈ∙ 50-ഓളം കോണ്‍ഗ്രസ്-എന്‍.സി.പി എംഎല്‍എമാര്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് അവര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര ജലവിഭവ മന്ത്രിയുമായ ഗിരീഷ് മഹാജൻ. ശരദ് പവറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിലെ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്ന പശ്ചാത്തലത്തിലാണ് മഹാജന്റെ പരാമര്‍ശം.
കോണ്‍ഗ്രസിലേയും എന്‍.സി.പിയിലേയും നിരവധി നേതാക്കള്‍ ബി.ജെ.പിയുമായി ബന്ധപ്പെടുന്നുണ്ട്. മുതിര്‍ന്ന എന്‍.സി.പി നേതാവ് ചിത്രാ വാഗ് കഴിഞ്ഞ മാസം ബി.ജെ.പിയില്‍ ചേരാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. മാതൃപാര്‍ട്ടിയില്‍ ഇനി ഭാവിയില്ലെന്നാണ് ചിത്ര പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിലേക്ക് എത്തണമെന്നാണ് എം.എല്‍.എമാരുടെ പക്ഷം. കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണ്, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍സിപിയും ദുര്‍ബലമാകുമെന്നും മഹാജന്‍ പറഞ്ഞു.

