കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് തുറന്നടിച്ച് ശശി തരൂർ എംപി. പാർട്ടി അദ്ധ്യക്ഷനെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതിൽ കടുത്ത നിരാശയുണ്ടെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു. ജനാധിപത്യ രീതിയിൽ പാർട്ടിയിയിൽ തെരഞ്ഞെടുപ്പ് നടത്തണം. പാർട്ടിയിൽ നിൽക്കുന്നത് എന്തിനെന്ന് നേതാക്കൾക്ക് തോന്നരുത്. പ്രിയങ്ക ഗാന്ധി പ്രസിഡന്‍റായാണ് നല്ലത്. ഗാന്ധി കുടുംബത്തിന് താൻ എതിരല്ലെന്നും തരൂർ കൂട്ടിച്ചേർത്തു. ഗാന്ധി കുടുംബത്തിൽ നിന്നല്ലെങ്കിൽ പുറത്തുനിന്ന് പ്രസിഡന്‍റ് വരണം. നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്‍റ് ഇനി വേണ്ട, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റ് ഉണ്ടാവണം. പ്രസിഡന്‍റിനായി പാര്‍ട്ടി ജനങ്ങളെ സമീപിക്കട്ടെയെന്നാണ് തരൂർ പറയുന്നത്. ജനങ്ങൾക്ക് വിശ്വാസമുള്ളയാൾ അധ്യക്ഷനാവണം സംഘടനയെ ഒരു യുവാവ് നയിക്കാൻ സമയമായെന്നും തരൂർ വ്യക്തമാക്കുന്നു.
സംഘടനയെ ഒരു യുവാവ് നയിക്കാന്‍ സമയമായെന്ന് അഭിപ്രായപ്പെട്ട തരൂർ ഇപ്പോഴുള്ളത് അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണെന്നും അപ്പോയ്മെന്‍റ് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും പറഞ്ഞു. എന്നാൽ ആർക്കും ഇതൊന്നും തുറന്നു പറയാൻ ധൈര്യമില്ലെന്നും തരൂർ വ്യക്തമാക്കി. താൻ പാർട്ടി അദ്ധ്യക്ഷനാകാനില്ലെന്നും എന്നാൽ വർക്കിംഗ് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തയ്യറാണെന്നും അദ്ദേഹം പറഞ്ഞു.

