രണ്ട് വാഴപ്പഴത്തിന് 422 രൂപ ഈടാക്കിയ ഹോട്ടലിന് 25,000 രൂപ പിഴ
ചണ്ഡീഗഢ്: ബോളിവുഡ് താരം രാഹുല്‍ ബോസ് പുറം ലോകത്തെ അറിയിച്ച ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ പകല്‍ക്കൊള്ളയില്‍ ഉടന്‍ നടപടിയെടുത്ത് ചണ്ഡീഗഢ് എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പ്. രണ്ട് വാഴപ്പഴത്തിന് 422 രൂപ ഈടാക്കിയ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ഗ്രൂപ്പായ ജെഡബ്ല്യൂ മാരിയറ്റിന് 25,000 രൂപയാണ് പിഴ വിധിച്ചത്. നടന്റെ കൈയ്യില്‍ നിന്നും നികുതിയുടെ പേരില്‍ അനധികൃതമായി പണം ഈടാക്കിയതിനാണ് ചണ്ഡീഗഢ് എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പിന്റെ നടപടി.
ജിഎസ്ടി നിയമത്തിന് കീഴില്‍ ഫ്രഷ് ഫ്രൂട്ടിന് ടാക്സ് ചുമത്താന്‍ പാടില്ല. 67.5 രൂപയുടെ രണ്ട് പഴത്തിനായി രാഹുല്‍ ബോസില്‍ നിന്നും ഹോട്ടലുകാര്‍ 422 രൂപയാണ് ഈടാക്കിയത്.
'ഹോട്ടലിന് അധികൃതര്‍ നോട്ടീസ് നല്‍കി ഹിയറിങ്ങിന് വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല. ഇത്തരത്തില്‍ അനധികൃതമായി ടാക്സ് ഈടാക്കുന്നവരെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാവുന്നതാണ്' എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചണ്ഡീഗഡിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടല്‍ നടത്തിയ പകല്‍കൊള്ളക്കെതിരെ രാഹുല്‍ ബോസ് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്.
രാവിലെ ഹോട്ടല്‍ ജിമ്മില്‍ വ്യായാമം ചെയ്ത രാഹുല്‍ ശേഷം വരുത്തിച്ച രണ്ട് വാഴപ്പഴത്തിനാണ് 422 രൂപയുടെ ബില്‍ ഹോട്ടലുകാര്‍ നല്‍കിയത്. തുടര്‍ന്ന് ബില്‍ സഹിതം രാഹുല്‍ബോസ് ട്വിറ്ററില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

