യു.എ.പി.എ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി


ന്യൂഡൽഹി: വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ എൻ.ഐ.എക്ക് അധികാരം നൽകുന്ന യു.എ.പി.എ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 287 എം.പിമാർ നിയമഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ മുസ്ലിം ലീഗ് എം.പിമാർ അടക്കം എട്ടുപേർ മാത്രമാണ് ബില്ലിനെ എതിർത്തു വോട്ട് ചെയ്തത്. കോൺഗ്രസ്, സി.പി.എം അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മുസ്‌ലിം ലീഗ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, നവാസ് കനി, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദി, മുഹമ്മദ് അക്ബർ ലോൺ, എ.ഐ.യു.ഡി.എഫ് അംഗം ബദ്‌റുദ്ദീൻ അജ്മൽ എന്നിവരാണ് എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്.
അന്വേഷിക്കുന്ന കേസിലെ പ്രതികളുടെ വസ്തുവകകൾ പിടിച്ചെടുക്കുന്നതിന് എൻ.ഐ.എ ഡയറക്ടർ ജനറലിന് അധികാരം നൽകുന്നതും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ ഏജൻസിക്ക് അനുവാദം നൽകുന്നതുമടക്കമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന വകുപ്പ് അമേരിക്കയും പാകിസ്താനും ചൈനയും ഇസ്രയേലും അടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടെന്ന് അമിത് ഷാ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed