മഹേഷ് ദീക്ഷിത് പുതിയ ഇന്റലിജൻസ് ബ്യൂറോ മേധാവി
ഷീബ വിജയൻ
രാജ്യത്തിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോയുടെ (IB) പുതിയ ഡയറക്ടറായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മഹേഷ് ദീക്ഷിതിനെ കേന്ദ്ര സർക്കാർ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് നിയമന സമിതിയാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നൽകിയത്. നിലവിലെ ഐബി മേധാവി തപൻ കുമാർ ഡേക ജൂൺ 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ചുമതലയേൽക്കുന്ന ദിവസം മുതൽ രണ്ട് വർഷത്തേക്കാണ് ഇദ്ദേഹത്തിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന മഹേഷ് ദീക്ഷിത് 1993 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, ആഭ്യന്തര സുരക്ഷ, രഹസ്യാന്വേഷണം എന്നിവയിൽ മുപ്പത് വർഷത്തിലധികം നീണ്ട പ്രവർത്തന പരിചയം ഇദ്ദേഹത്തിനുണ്ട്. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി അവിടുത്തെ ക്രമസമാധാനം ഉറപ്പാക്കുന്നതിൽ ഇദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. പിന്നീട് ശ്രീനഗറിലെ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോ മേധാവിയായും പ്രവർത്തിച്ചു. 2023-ൽ ശ്രീനഗറിൽ ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നിലും ഇദ്ദേഹത്തിന്റെ മേൽനോട്ടമുണ്ടായിരുന്നു. സൈബർ ഭീഷണികൾ, വ്യാജപ്രചാരണങ്ങൾ എന്നിവ പ്രതിരോധിക്കുന്നതിൽ വിദഗ്ദ്ധനായ ഇദ്ദേഹത്തിന്റെ നിയമനം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കൂടുതൽ കരുത്തുപകരും.
adsdsdsds

