കസ്റ്റഡി മരണങ്ങളിൽ പ്രതികളാകുന്നത് അനധികൃത നിയമനം ലഭിച്ച പോലീസുകാരാണെന്ന് ആരോപണം


കൊച്ചി: കേരളത്തിലെ കസ്റ്റഡി മരണങ്ങളിൽ പ്രതികളാകുന്നത് പി.എസ്.സി വഴി അനധികൃത നിയമനം ലഭിച്ച പോലീസുകാരാണെന്ന ആരോപണവുമായി പി.ടി തോമസ് രംഗത്ത്. ഇടതു സർക്കാരിന്റെ കാലത്ത് 2007-08ൽ എസ്.ഐ സെലക്ഷനിൽ ഭീകരമായ തട്ടിപ്പ് നടന്നു. 2013−14ൽ ഈ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനവും നൽകി. കേരളത്തിൽ കുപ്രസിദ്ധിയാർജിച്ച വരാപ്പുഴ, നെടുങ്കണ്ടം കസ്റ്റഡി മരണങ്ങളിൽ പ്രതികളായിരിക്കുന്നത് ഈ റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരാണ്. ഇതൊക്കെ കൂട്ടിവായിക്കേണ്ടതുണ്ടെന്നും പി.ടി തോമസ് എം.എൽ.എ പറഞ്ഞു. പി.എസ്.സിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ പി.എസ്.സിയെ തകർക്കാനാണെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തൽ വസ്തുതകളിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണെന്നും പി.ടി തോമസ് കൂട്ടിച്ചേർത്തു. എസ്.ഐ റാങ്ക്ലിസ്റ്റ് അട്ടിമറിച്ച് പി.എസ്.സി 47 അനധികൃത നിയമനങ്ങൾ നടത്തിയെന്ന് ചൊവ്വാഴ്ച പി.ടി തോമസ് ആരോപിച്ചിരുന്നു. 

കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടു. എന്നാൽ, യൂണിവേഴ്സിറ്റി കോളേജ് വിഷയം മാത്രമല്ല ഉള്ളതെന്ന് പി.ടി തോമസ് പറയുന്നു. യൂണിവേഴ്സിറ്റ് കോളേജിലെ തട്ടിപ്പുവീരന്മാരായ എസ്.എഫ്.ഐക്കാർ റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയത് മാത്രമല്ല, പി.എസ്.സിയുടെ 47 ജോയിന്റ് ഡ്യൂട്ടിയിൽ ഉൾപ്പെടുന്ന എസ്.ഐ റാങ്ക് ലിസ്റ്റിൽ നടന്നത് ഭയാനകമായ തട്ടിപ്പാണ്. അതാണ് ഇന്നലെ വെളിപ്പെടുത്തിയത്. ആർജവവും ആത്മാർത്ഥതയുമുണ്ടെങ്കിൽ പി.എസ്.സിയിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്യണം −പി.ടി തോമസ് ആവശ്യപ്പെട്ടു. 

പാർട്ടിക്കാരനായി പി.എസ്.സി ചെയർമാൻ കൂടി ഉൾപ്പെട്ട തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രിയുടെ പോലീസ് നീതിപൂർവ്വമായ അന്വേഷണം നടത്തില്ലെന്ന് എല്ലാവർക്കും അറിയാം. ചില താൽപര്യക്കാരെ തിരുകിക്കയറ്റാനാണ് തിരിമറികൾ. ഈ നിയമനം മഞ്ഞുമലയുടെ അറ്റം മാത്രമാകാനുള്ള സാധ്യതയുണ്ട്. മറ്റു വിഭാഗങ്ങളിലും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed