കർണാടകയിൽ വിശ്വാസവോട്ടിൽ പരാജയം : കുമാരസ്വാമി രാജിവെച്ചു


ബെംഗളൂരു: കർണാടകയിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട (99 – 105) മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവച്ചു. കോൺഗ്രസ് – ദൾ സഖ്യത്തിലെ 15 എം.എൽ.എമാർ രാജി നൽകിയതോടെ ആരംഭിച്ച രാഷ്ട്രീയനാടകത്തിനൊടുവിൽ ഇന്നലെ നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പും ശ്രദ്ധേയമായി.
പിന്തുണയ്ക്കുന്നവരെയും എതിർക്കുന്നവരെയും ഓരോ വരിവീതമായി എഴുന്നേറ്റു നിർത്തി തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്. സർക്കാരിന്റെ വീഴ്ചയ്ക്കു കളമൊരുക്കാൻ മുംബൈയിൽ തമ്പടിച്ച വിമതർ ഇന്നു മടങ്ങിയെത്തിയേക്കും. ഗവർണർ വാജുഭായി വാലയ്ക്കു കുമാരസ്വാമി രാജി നൽകിയതിനു പിന്നാലെ ബി.ജെ.പി നിയമസഭാകക്ഷിയോഗം ചേർന്ന് ബി.എസ്. യെഡിയൂരപ്പയെ സഭാനേതാവായി പ്രഖ്യാപിച്ചു. യെഡിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കോൺഗ്രസ് അപ്രതീക്ഷിത നീക്കത്തിലൂടെ ജനതാദളുമായി (എസ്) സഖ്യമുണ്ടാക്കി ഭരണം പിടിക്കുകയായിരുന്നു. വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ ബി.എസ്. യെഡിയൂരപ്പ മുഖ്യമന്ത്രിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകാതെ രണ്ടാം ദിവസം രാജിവയ്ക്കേണ്ടിവന്നു. തുടർന്നാണ് കുമാരസ്വാമി മുഖ്യമന്ത്രിയായത്. അന്നുമുതൽ പലവട്ടം ആടിയുലഞ്ഞ സർക്കാർ 14 മാസത്തിനു ശേഷം നിലംപതിച്ചു. ഇത്തവണ കൂട്ടരാജി നൽകിയ എംഎൽഎമാരെ തിരികെയെത്തിക്കാൻ കോൺഗ്രസും ദളും പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചർച്ച നീട്ടിയതിലൂടെ സാധ്യമായതൊക്കെ ചെയ്യാനുള്ള സമയം സ്പീക്കറും നൽകിയിരുന്നു. ഒടുവിൽ പരാജയം ഉറപ്പിച്ചാണ് ഇന്നലെ ഭരണപക്ഷം സഭയിലെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed