രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളിൽ പ്രധാനമന്ത്രിക്ക് സിനിമാപ്രവര്‍ത്തകരടക്കം 49 പേര്‍ ഒപ്പിട്ട കത്ത്


ന്യൂഡൽഹി: ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആൾക്കൂട്ട ആക്രമണമടക്കം സമീപകാലത്തായി രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളിൽ ശ്രദ്ധപതിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവർത്തകരായ 49 പ്രമുഖരുടെ കത്ത്. നടി അപർണാ സെൻ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ എന്നിവരടക്കമുള്ള പ്രമുഖർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. പ്രിയപ്പെട്ട പ്രധാനമന്ത്രി, മുസ്ലിങ്ങൾക്കും ദളിതുകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം. 2016-ൽ 840-ൽ അധികം നിഷ്ഠൂരമായ ആക്രമണങ്ങൾ ദളിതുകൾക്കെതിരെ നടന്നിട്ടുണ്ടെന്ന ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട് ഞെട്ടിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇതിൽ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ താങ്കൾ പാർലമെന്റിൽ പ്രസംഗിക്കുകയുണ്ടായി. എന്നാൽ അത് മതിയാകില്ല. ഇത്തരം കുറ്റകൃത്യങ്ങൾ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നു. ഖേദകരമെന്ന് പറയട്ടെ, ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ യുദ്ധ വിളിയായി മാറുകയും ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. നിരവധി ആൾക്കൂട്ട ആക്രമണങ്ങളാണ് ഇതിന്റെ പേരിൽ നടക്കുന്നത്. മതത്തിന്റെ പേരിൽ ഇത്രയധികം ആക്രമണങ്ങൾ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് മധ്യകാലഘട്ടമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും രാമന്റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. ഈ രാജ്യത്തെ ഉന്നതനായ ഭരണാധികാരി എന്ന നിലയിൽ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് താങ്കൾ തടയണമെന്ന് ആവശ്യപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed