കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു മടങ്ങി; തിരിച്ചുവരുമെന്നും പ്രിയങ്ക


ലഖ്‍നൗ: ഉത്തർപ്രദേശിലെ സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ച് തിരികെ മടങ്ങി. സംഘർഷഭരിതമായ സോൻഭദ്രയിലെത്തിയ പ്രിയങ്കയെ പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് 24 മണിക്കൂറോളം അവർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ''എനിക്ക് എവിടെ വേണമെങ്കിലും പോകാമെന്നാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണുന്നതില്‍ നിന്ന് എന്നെ വിലക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടെന്നും ഇപ്പോള്‍ മടങ്ങുകയാണ്. തിരിച്ചുവരും.'' പ്രിയങ്ക പറഞ്ഞു.
സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ജൻമിയും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവെച്ചുകൊന്നത്. 24 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പ്രിയങ്കയുടെ ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനുള്ള യാത്രക്കിടെ പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത പോലീസ് ചുനാര്‍ ഗസ്റ്റ് ഹൌസിലേക്ക് മാറ്റുകയായിരുന്നു. പ്രിയങ്ക അവിടെയും പ്രതിഷേധ സമരം തുടരുകയായിരുന്നു.
ഇന്ന് രാവിലെ സൊന്‍ഭദ്രയിലേക്ക് തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ സംഘത്തെ വരാണസി വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് ഇവര്‍ വിമാനത്താവളത്തിലിരുന്ന് പ്രതിഷേധിക്കുകയാണ്. ബി.എസ്.പി നേതാവ് മായാവതിയും പ്രവര്‍ത്തകരോട് സൊന്‍ഭദ്രയിലേക്ക് പോയി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
സൊന്‍ഭദ്ര ജില്ലയില്‍ ഉഭ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് വെടിവെപ്പില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടത്. ഗ്രാമമുഖ്യനായ യാഗ്യ ദത്ത് രണ്ട് വർഷം മുമ്പ് വാങ്ങിയ 36 ഏക്കർ ഭൂമിയിൽ എത്തിയപ്പോൾ ഗ്രാമീണർ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ ഗ്രാമമുഖ്യനൊപ്പമുണ്ടായിരുന്നവർ വെടിവെക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed