റീജിയണല്‍ റൂറല്‍ ബാങ്ക് പരീക്ഷകള്‍ ഇനി മുതൽ മലയാളം ഉള്‍പ്പടെ 13 പ്രാദേശിക ഭാഷകളില്‍
ന്യൂഡല്‍ഹി: റീജിയണല്‍ റൂറല്‍ ബാങ്ക് പരീക്ഷകള്‍ ഇനി മുതൽ മലയാളം ഉള്‍പ്പടെ 13 പ്രാദേശിക ഭാഷകളില്‍ നടത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ഇക്കാര്യം അറിയിച്ചത്. റീജിയണല്‍ റൂറല്‍ ബാങ്കുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍(ഐബിപിഎസ്) നടത്തുന്ന പരീക്ഷകളാണ് 13 പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പ്രദേശിക ബാങ്കുകളിലെ സ്‌കെയില്‍ -1, ഓഫീസ് അസിസ്റ്റന്‍റ് തസ്തികകളിലേക്കുള്ള പരീക്ഷകളാണ് ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ മലയാളം, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മണിപ്പൂരി, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഭാഷകളിൽ നടത്തുന്നത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ദീര്‍ഘിപ്പിക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ 45 പ്രാദേശിക ബാങ്കുകളിലായി 90,000 പേരാണ് ജോലി ചെയ്യുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ബാങ്കുകളിലേക്കുള്ള നിയമന പരീക്ഷകൾ ഐബിപിഎസ് നടത്തിയിരുന്നത്.

