ലക്ഷദ്വീപിൽ കടലിനടിയിൽ അപൂർവ്വ വർണ്ണവിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയെന്ന് ഗവേഷകർ
ഷീബ വിജയൻ
ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് സമീപം കടലിനടിയിൽ ദൃശ്യമായ അപൂർവ്വ പവിഴജീവികളുടെ (കോറൽ) കൂട്ടം ശ്രദ്ധേയമാകുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) സമുദ്രസസ്തനി സർവേയ്ക്കിടെ റിസർച്ച് സ്കോളറായ ആൽവിൻ ആന്റോയാണ് ഈ സുന്ദര ദൃശ്യം ക്യാമറയിൽ പകർത്തിയത്. കാണാൻ ഏറെ ഭംഗിയുള്ളതാണെങ്കിലും, സമുദ്ര ആവാസവ്യവസ്ഥ നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമാണ് ഇതെന്ന് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ലോബോഫില്ലിയ കൊറിംബോസ (ഓറഞ്ച് നിറം), ലോബോഫില്ലിയ റേഡിയൻസ് (വെളുപ്പും പച്ചയും നിറങ്ങൾ) എന്നീ ഇനത്തിൽപ്പെട്ട രണ്ട് വ്യത്യസ്ത കോറലുകളാണ് ഒരുമിച്ച് വളർന്ന് ഈ വർണ്ണപ്പൊലിമ തീർത്തത്. സമുദ്രത്തിലെ താപനില ഉയർന്നതോടെ ഇതിലൊരു കോറലിന് ബ്ലീച്ചിങ് സംഭവിക്കുകയും നിറം നഷ്ടപ്പെട്ട് വെളുത്ത നിറത്തിലാവുകയും ചെയ്തു. എന്നാൽ തൊട്ടടുത്തുതന്നെയുള്ള മറ്റൊന്ന് താപനിലയെ പ്രതിരോധിച്ച് പച്ചനിറത്തിൽ ആരോഗ്യത്തോടെ നിലനിൽക്കുന്നു.
ഒരേ പരിസ്ഥിതിയിൽ വളരുന്ന ജീവികളിലുണ്ടാകുന്ന ഇത്തരം പ്രതിരോധശേഷിയും ബലഹീനതയും ഭാവിയിലെ പവിഴപ്പുറ്റ് പുനരുജ്ജീവന ഗവേഷണങ്ങൾക്ക് നിർണ്ണായകമാകും. സമുദ്ര പരിസ്ഥിതി നേരിടുന്ന ഭീഷണികൾ ചെറുക്കുന്നതിനായി കൃത്രിമ പാരുകൾ (Artificial Reefs) സ്ഥാപിക്കുന്ന പദ്ധതികളും വംശനാശഭീഷണി നേരിടുന്ന കടൽജീവികളുടെ പുനരുൽപ്പാദന പദ്ധതികളും വേഗത്തിലാക്കുകയാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വ്യക്തമാക്കി.
fgnhggfg

