ഉദ്യോഗസ്ഥന്‍റെ ദേഹത്ത് ചളി കോരിയൊഴിച്ച് എംഎൽഎ
മുംബൈ: മഹാരാഷ്ട്രയിൽ റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിന് എഞ്ചിനീയറുടെ ദേഹത്ത് കോണ്‍ഗ്രസ് എംഎല്‍എയും അനുയായികളും ചളി കോരിയൊഴിച്ചു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ റാനേയുടെ മകന്‍ നിതീഷ് റാനേയും സംഘവുമാണ് എഞ്ചിനിയറുടെ ദേഹത്ത് ചളി കോരിയൊഴിച്ചത്. മുംബൈ ഗോവ ഹൈവേയിലെ കന്‍കവാലിക്ക് അടുത്തള്ള ഒരു പാലത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. എഞ്ചിനീയറുടെ ദേഹത്ത് ചളി കോരിയൊഴിച്ചതിന് പിന്നാലെ അദ്ദേഹത്തെ എംഎല്‍എയും അനുയായികളും പാലത്തോട് ചേര്‍ത്ത് കെട്ടുകയും ചെയ്തു.
ഇന്‍ഡോറില്‍ നഗരസഭാ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തിൽ ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗീയ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേയാണ് മറ്റൊരു ഉദ്യോഗസ്ഥന് നേരെ മഹാരാഷ്ട്രയില്‍ ആക്രമണം. അനധികൃത കയ്യേറ്റം തടയാന്‍ എത്തിയ സംഘത്തോട് തട്ടിക്കയറിയ ആകാശ് അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ അതിന് ശേഷം സംഭവിക്കുന്ന എന്തിനും നിങ്ങൾ ഉത്തരവാദിയായിരിക്കും എന്ന് ആക്രോശിക്കുകയായിരുന്നു. അൽപസമയത്തിനകം തർക്കം ആക്രമണമായി മാറുകയും ആകാശ് ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലുകയുമായിരുന്നു. "എനിക്ക് വളരെ ദേഷ്യം വന്നു. ഞാൻ എന്താണ് ചെയ്തതെന്ന് തന്നെ ഓർമയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം" - ആക്രമണത്തിന് ശേഷം ആകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

